തിരുവനന്തപുരം:
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർഥ്യത്തിലേക്ക്. വിഴിഞ്ഞം
രാജ്യാന്തര തുറമുഖത്തിന്റെ വികസന സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനും
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനുമായി
ദേശീയപാത അതോറിറ്റി 8004.72
കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചു.
പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ
അന്തിമ അംഗീകാരം ലഭിച്ചതോടെയാണ് പദ്ധതി ഔദ്യോഗികമായി ടെൻഡർ ഘട്ടത്തിലേക്ക്
കടന്നത്.
വിഴിഞ്ഞം
മുതൽ നാവായിക്കുളം വരെ 62.7
കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിലുള്ള
നാലുവരി പാതയാണ് നിർമ്മിക്കുക. ഓഗസ്റ്റ് 6 വരെ ടെൻഡർ രേഖകൾ
ഡൗൺലോഡ് ചെയ്യാനും ഓഗസ്റ്റ് 7 ന് ബിഡുകൾ തുറക്കാനുമാണ്
തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട
പൊതുതെളിവെടുപ്പ് ജൂൺ 11 ന് കാട്ടാക്കടയിൽ നടക്കും.പദ്ധതിയുടെ
ഭാഗമായി ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതമായ 3200 കോടി
രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതും പദ്ധതിക്ക് പുതിയ ഊർജം പകരുകയാണ്. ഭൂമി
വിട്ടുനൽകിയവരുടെ പ്രതിനിധികളും ജനപ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ
ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്.
314 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 100 ഹെക്ടർ ഭൂമി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ബാക്കി ഭൂമി ഏറ്റെടുക്കൽ
നടപടികളും വേഗത്തിലാക്കാനാണ് നീക്കം. ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവും സർവീസ്
റോഡുകളുടെ നിർമ്മാണ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. കൂടാതെ നിർമാണ
സാമഗ്രികൾക്കുള്ള സംസ്ഥാന ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കി പദ്ധതിക്ക് കൂടുതൽ
സാമ്പത്തിക പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.
മൂന്ന്
വർഷത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ മൂന്ന് വലിയ പാലങ്ങൾ, 16 ചെറിയ പാലങ്ങൾ,
അഞ്ച് വയഡക്റ്റുകൾ, 90 അണ്ടർപാസുകളോ
ഓവർപാസുകളോ, ഒൻപത് ഫ്‌ളൈഓവറുകൾ, 54
പൈപ്പ് കൾവർട്ടുകൾ, 44 ബോക്സ് കൾവർട്ടുകൾ എന്നിവ ഉൾപ്പെടും.
വിഴിഞ്ഞത്തും നാവായിക്കുളത്തും ട്രംപെറ്റ് ഇന്റർചേഞ്ചുകളും എട്ട് പ്രധാന
ജംഗ്ഷനുകളും നിർമ്മിക്കും. വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം
എന്നിങ്ങനെ രണ്ട് റീച്ചുകളായി തിരിച്ചാണ് നിർമ്മാണം നടത്തുക.
റോഡിന്റെ
ഇരുവശങ്ങളിലുമായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ എട്ട് സാമ്പത്തിക മേഖലകളെ
കേന്ദ്രീകരിച്ച് 34,000
കോടി രൂപയുടെ വികസന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞത്ത്
ലോജിസ്റ്റിക്സ് ഹബ്, കോവളത്ത് ഹെൽത്ത് ടൂറിസം, കാട്ടാക്കടയിൽ ഗ്രീൻ ഇൻഡസ്ട്രി, കിളിമാനൂരിൽ ഫുഡ്
പ്രോസസിംഗ്, കല്ലമ്പലത്ത് അഗ്രോ പ്രോസസിംഗ് ഉൾപ്പെടെയുള്ള
മേഖലകൾ വികസിക്കും. വ്യവസായ പാർക്കുകൾ, നോളഡ്ജ് ഹബുകൾ,
ടൗൺഷിപ്പുകൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ
ഉയർന്നുവരുന്നതോടെ
രണ്ടരലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മലിനജല
സംസ്കരണം, കുടിവെള്ള വിതരണം,
വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, വിവരസാങ്കേതികവിദ്യ, ഗതാഗതം തുടങ്ങിയ മേഖലകളിലെ
അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതി വഴിയൊരുക്കും.
അതേസമയം, പദ്ധതിക്കായി ഭൂമിയും
വീടുകളും വിട്ടുനൽകിയ ചിലർ, നഷ്ടപരിഹാര നിർണയത്തിൽ ഗുരുതര
പിഴവുകൾ സംഭവിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വീടുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിലുണ്ടായ
ഡാറ്റാ എൻട്രി പിഴവുകൾ കാരണം ചിലർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ്
ആക്ഷേപം. തിരുത്തിയ രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിച്ചിട്ടും നടപടികൾ
വൈകുന്നതായി ഭൂവുടമകൾ ആരോപിക്കുന്നു. ഇത്തരം പരാതികളിൽ അടിയന്തര ഇടപെടൽ നടത്തി
അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.
വിഴിഞ്ഞം
തുറമുഖത്തെ രാജ്യത്തെ പ്രധാന ചരക്കുനീക്ക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള
നിർണായക വികസന ഇടനാഴിയായാണ് ഔട്ടർ റിങ് റോഡിനെ വിലയിരുത്തുന്നത്. കൊല്ലം-ചെങ്കോട്ട
ഗ്രീൻഫീൽഡ് ദേശീയപാതയുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ ചരക്കുനീക്കം കൂടുതൽ
സുഗമമാകുകയും തിരുവനന്തപുരം ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം
നൽകുകയും ചെയ്യും. സംസ്ഥാനത്തിന്റെ ഭാവി വികസന ഭൂപടം തന്നെ മാറ്റിമറിക്കാൻ
ശേഷിയുള്ള മെഗാ പദ്ധതിയായാണ് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനെ
വിലയിരുത്തുന്നത്.